Luke 10:1-16 in Malayalam
Luke 10:1
അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:
Luke 10:2
കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.
Luke 10:3
പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.
Luke 10:4
സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;
Luke 10:5
ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ
Luke 10:6
അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.
Luke 10:7
അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
Luke 10:8
ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ.
Luke 10:9
അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ.
Luke 10:10
ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി:
Luke 10:11
നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ.
Luke 10:12
ആ പട്ടണത്തെക്കാൾ സൊദോമ്യർക്കു ആ നാളിൽ സഹിക്കാവതാകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Luke 10:13
കോരസീനേ, നിനക്കു അയ്യോ കഷ്ടം! ബേത്ത്സയിദേ, നിനക്കു അയ്യോ കഷ്ടം! നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
Luke 10:14
എന്നാൽ ന്യായവിധിയിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും.
Luke 10:15
നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.
Luke 10:16
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
Malayalam Bible