1 Chronicles 15:16-28 in Malayalam
1 Chronicles 15:16
പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്പിച്ചു.
1 Chronicles 15:17
അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാർയ്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും
1 Chronicles 15:18
അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖർയ്യാവു, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽ കാവൽക്കാരായും നിയമിച്ചു.
1 Chronicles 15:19
സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും
1 Chronicles 15:20
സെഖർയ്യാവു, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവർ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും
1 Chronicles 15:21
മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ, അസസ്യാവു എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.
1 Chronicles 15:22
വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു.
1 Chronicles 15:23
ബേരെഖ്യാവും എൽക്കാനയും പെട്ടകത്തിന്നു വാതിൽകാവൽക്കാർ ആയിരുന്നു.
1 Chronicles 15:24
ശെബന്യാവു, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖർയ്യാവു, ബെനായാവു, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതിൽകാവൽക്കാർ ആയിരുന്നു.
1 Chronicles 15:25
ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്നു സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി.
1 Chronicles 15:26
യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യർക്കു ദൈവം സഹായിച്ചതുകൊണ്ടു അവർ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.
1 Chronicles 15:27
ദാവീദ് പെട്ടകവാഹകന്മാരായ ലേവ്യർ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.
1 Chronicles 15:28
അങ്ങനെ യിസ്രായേലൊക്കയും ആർപ്പോടും കാഹളനാദത്തോടും തൂർയ്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.
Malayalam Bible